പാരിസ്: കുട്ടികൾക്കെതിരെ അതിക്രമമെന്ന് ആരോപണത്തെ തുടർന്ന് ടെലഗ്രാം ആപ്ലിക്കേഷൻ സഹസ്ഥാപകനും സിഇഒയുമായ പവേൽ ദുരോവ് പാരിസിൽ അറസ്റ്റിൽ. പാരിസിലെ ബുർഗ്വേ വിമാനത്താവളത്തിൽ വെച്ചാണ് ദുരോവിനെ അറസ്റ്റ് ചെയ്തത്. അസർബൈജാനിലെ ബകുവിൽനിന്ന് സ്വകാര്യ ജെറ്റിൽ എത്തിയപ്പോഴാണ് അറസ്റ്റെന്നാണ് വിവരം. ടെലഗ്രാം ആപ്പുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ പ്രാഥമികാന്വേഷണം നടക്കുന്ന കേസിലാണ് അറസ്റ്റെന്നാണ് സൂചന. ഞായറാഴ്ച കോടതിയിൽ ഹാജരാകാൻ തയാറെടുക്കുന്നതിന് ഇടയിലായിരുന്നു അറസ്റ്റ്.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നിയോഗിക്കപ്പെട്ട ഫ്രാൻസിലെ ഏജൻസിയായ ഒഎഫ്എംഐഎൻ ദുരോവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബർ ഇടത്തിലെ ഭീഷണിപ്പെടുത്തൽ, സംഘടിത കുറ്റകൃത്യങ്ങൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ദുരോവിനെതിരെ ചുമത്തപ്പെട്ടതെന്നാണ് സൂചന.
Telegram CEO Pavel Durov arrested.